Sunday, August 28, 2011


         വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിന്ന് നാലുനാഴിക തെക്കുമാറി, ഗ്രാമീണതയുടെ നൈര്‍മ്മല്യതയില്‍ ദേശപരദേവതയായ ശ്രീഭദ്രകാളിദേവി കുടികൊള്ളുന്ന ഭഗവതി ക്ഷേത്രമാണ് മൂത്തേടത്തുകാവ്.
           പുതുമേഘത്തിന്റെ വര്‍ണ്ണവും ചന്ദ്രക്കലപോലെ വളഞ്ഞ ദംഷ്ട്രങ്ങളാല്‍ പരിശോഭിക്കുന്ന മുഖവും, വജ്രം പോലുള്ള വാള്‍ ഒരു കൈയിലും മധുനിറച്ച ചഷകം മറുകൈയിലും പിടിച്ച്, രത്നങ്ങള്‍ പതിച്ച കിരീടം ധരിച്ച് ഐശ്വര്യപ്രദായിനിയായിരിക്കുന്ന ശ്രീ ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ട.
            
                   ഉത്തമമായ കേരളീയ ക്ഷേത്രമാതൃകയില്‍ ചെമ്പ് പാകിയതാണ് ശ്രീകോവില്‍. കൃഷ്ണശിലാസ്തൂപങ്ങളാലൂം മണ്ഡപത്താലും, ശോഭിക്കുന്നക്ഷേത്ര നടയും, വിശാലമായ നാലമ്പലവും, വല്യമ്പലങ്ങളും, ബലിക്കല്‍പുരയും ക്ഷേത്രത്തെ കമനീയമാക്കുന്നു. മുന്നില്‍ ദേവീവാഹകനായ വേതാളത്തെ അഗ്രത്തിലാക്കി ശോഭിക്കുന്ന കൊടിമരവും, വടക്കുവശത്ത് കുളിര്‍തെന്നല്‍തരുന്ന അരയാലും, വിശാലമായ മാളികയും കിഴക്ക് ശാന്തനിശ്ശബ്ദതയില്‍ പള്ളിയുറങ്ങുന്ന സര്‍പ്പക്കാവും, ഇതിനോടുചേര്‍ന്നുള്ള പൂര്‍വ്വകാല വെലിച്ചപ്പാടന്‍മ്മാരുടെ തറയും ഭക്തജനമനോകുണഠിതങ്ങളെ അലിയിച്ചു കളയുന്നതിന് പ്രാപ്തമായ ഊര്‍ജ്ജം പ്രസരിക്കുന്നു. തെക്കുവശത്ത്ക്ഷേത്രത്തോളമോ അതിന് വളരെ മുമ്പോ ഉണ്ടായതെന്ന് കരുതുന്ന കൊടും കാളിയുടെ ക്ഷേത്രവും, രക്ഷസ്സിന്റെയും യക്ഷിയുടേയുെ പ്രതിഷ്ടകളും ഉണ്ട്.
വര്‍ഷത്തില്‍ ഒന്‍പതുമാസം മാത്രം നടതുറന്ന് പൂജകള്‍ നടത്തുന്ന അത്യപൂര്‍വക്ഷേത്രങ്ങളിലൊന്നാണ്
മൂത്തേടത്തുകാവ്.                                                         
                മേടവിഷുവിന് 'അരിയേറ് ' നടത്തി അടയ്ക്കുന്ന ക്ഷേത്രനട പിന്നീട് കര്‍ക്കടകം ഒന്നാംതിയതി മാത്രമേ തുറക്കൂ!
കേരളത്തില്‍ മറ്റെവിടെയും ദര്‍ശിക്കിനാവാത്തവിധം വൈവിധ്യമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമാണ് ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്ഥമാക്കുന്നത്.ദ്രാവിഡവും ആര്യവുമായ ചടങ്ങുകളും ആചാരാനുഷ്ടാനങ്ങളും അയത്നലളിതമായി ഇവിടെ സമ്മേളിക്കുന്നു. വൈദികവിധിപ്രകാരമുള്ള പൂജകളും പുഷപാഞ്ജലിയും,ഭഗവതിസേവയും ഉത്സവബലി, ആറാട്ട്
എന്നിവയോടുകൂടിയ കൊടിയേറ്റ് ഉത്സവവും ഇവിടെ നടന്നുവരുന്നു.
തീയാട്ട്,കളമെഴുത്ത്,തോറ്റംപാട്ട്,വില്ലുപാട്ട്,സര്‍പ്പംപാട്ട്,ഗരുഡന്‍തൂക്കം,കുത്തിയോട്ടം തുടങ്ങിയവയും ഇവിടെയുണ്ട്.കൂടാതെ വേലന്‍പാട്ട്,തട്ടിന്‍മേല്‍ കളി,അന്നം,തേര്,ചവിട്ടുകളി തുടങ്ങിയ കലകളും അടുത്തകാലം വരെ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു.
                               
                     കര്‍ക്കടകം ഒന്നാം തിയതി മുതല്‍ ദിനം തോറും തെക്കുവശത്തുള്ള കൊടുംകാളിക്കുമുന്നില്‍'തെക്കുപുറത്തുകുരുതി' ഉണ്ടാകും.ക്ഷേത്രത്തിലെ വെളിച്ചപ്പാടാണ് കുരുതി നടത്തുക.കൂടാതെ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ദേശതാലപ്പൊലിയും വടക്കുപുറത്ത് കുരുതിയും നടന്നുവരുന്നു.
ചിങ്ങമാസത്തിലെ വിനായകചതുര്‍ഥിദിനത്തില്‍ വിഘ്നേശ്വരനായ ഗണപതിക്കായി ആയിരത്തിയെട്ട് നാളികേരത്താല്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തുന്നു. ദുര്‍ഗ്ഗാഷ്ടമി,മഹാനവമി,വിജയദശമി തുടങ്ങിയ മഹനീയ ദിനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവരാത്രികാലത്ത് മൂത്തേടത്തുകാവ് സംഗീതനൃത്തപരിപാടികള്‍ കൊണ്ടും, നാമജപസങ്കീതങ്ങള്‍ കൊണ്ടും ധന്യമാകും.


                       സര്‍വ്വലോതങ്ങള്‍ക്കും നാശകാരണനായ താരകാസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി,കീര്‍ത്തിമാനായി, എഴുന്നുള്ളുന്ന കാര്‍ത്തികേയനെ ( ഉദയനാപുരത്തപ്പനെ ) സ്വീകരിച്ചാനയിക്കുന്ന പിതാവായ പരമേശ്വരനോടൊപ്പം (വൈക്കത്തപ്പനോടൊപ്പം) നിറഞ്ഞ മനസ്സോടെ സഹോദരനെ സ്വീകരിക്കുവാന്‍ വൈക്കത്തഷ്ടമി നാളില്‍ മൂത്തേടത്തുകാവിലമ്മയും എഴുന്നുള്ളും. അത്യാര്‍ഭാടപൂര്‍വ്വം വൈക്കത്തേക്കുള്ള ഈ എഴുന്നുള്ളിപ്പിന് ഗംഭീരവും രാജോചിതവുമായ സ്വീകരണമാണ് ഗ്രാമീണജനത ആദരപൂര്‍വ്വം നല്‍കിവരുന്നത്. ഉദയനാപുരത്തപ്പനെ കണ്‍കുളിര്‍ക്കെ കണ്ട്, സഹോദരസമാഗമ സൌഭാഗ്യം നുകര്‍ന്ന് അടുത്തവര്‍ഷം വീണ്ടുകാണാമെന്നു പറഞ്ഞ് മേളവും അകമ്പടിയുമില്ലാതെ മടങ്ങുന്ന ദേവീ രൂപം കാണുന്ന ഭക്തരുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞുപോകും.
                           മലയാള മങ്കമാരുടെ മനംനിറയുന്ന മഹോത്സവമായ ധനുമാസത്തിലെ തിരുവാതിര മൂത്തേടത്തുകാവിലമ്മയ്ക്ക് എന്നും പൂത്തിരുവാതിരയാണ്. അന്ന് പ്രത്യേതമായി ചില ചടങ്ങുകള്‍ ക്ഷേത്രത്തിലുണ്ടാവും. നാട്ടില്‍ നടക്കുന്ന തിരുവാതിരകളികളില്‍ ഭഗവതിയും പങ്കെടുക്കുന്നുണ്ടെന്നാണ് വിശ്വാസം.
                       മണ്ഡലമകരവിളക്കുകാലം വ്രതനിഷ്ഠയോടെ ആചരിച്ച് ദേവീദര്‍ശനം നടത്തുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടിക്കൊണ്ടിരിക്കുകയാണ്.
                 
                    കുംഭഭരണിയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ദിനം. ഭഗവതിയുടെ പിറന്നാളായ കുംഭഭരണിയോടു കൂടിയാണ് മൂത്തേടത്തുകാവിലെ ഒന്നരമാസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ക്ക് സമാരംഭം കുറിക്കുന്നതു. കുംഭ ഭരണിനാളില്‍ പുലര്‍കാലത്തുതന്നെ അഭിഷേകങ്ങള്‍ തുടങ്ങും. ദേവിക്കര്‍പ്പിക്കുവാനും അഭിഷേകത്തിനുമായുള്ള പാല്‍,പനിനീര്,കുങ്കുമം,മഞ്ഞള്‍പ്പൊടി,എണ്ണ,വിത്തും മഞ്ഞളും എന്നിവ നിറച്ച്, അലങ്കരിച്ച കുംഭകുടങ്ങള്‍, മേളവാദ്യാഘോഷങ്ങളോടെ ഭക്തര്‍ തിരുനടയില്‍ എത്തിക്കുന്നു. വണിക വൈശ്യര്‍ കുംഭകുടങ്ങളില്‍ നിറച്ചുകൊണ്ടുവരുന്ന കുരുതിയാണ് അന്നേ ദിവസം തെക്കുപുറത്തെ 'പുറക്കളം കുരുതി'ക്ക് ഉപയോഗിക്കുന്നത്. കുത്തിയോട്ടത്തിന്റെയും ഗജവീരന്റേയും മേളങ്ങളുടേയും അകമ്പടിയോടെ തപ്പുകഒട്ടി ഭഗവതി പാട്ടുകളും പാടി നൃത്തം ചെയ്തുവരുന്ന കുംഭകുട സംഘത്തോടൊപ്പം വെളിച്ചപ്പാടും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് എതിരേല്‍ക്കുന്നു. ആയിരക്കണക്കിനു ഭക്തരും ഇതോടൊപ്പം ഉണ്ടാകും.

                        മീനമാസം ഒന്നാം തീയതിയാണ് കൊടിയേറ്റുത്സവം ആരംഭിക്കുന്നത്. പത്തുദിവസമാണ് ഉത്സവം. വിശേഷാല്‍ പൂജകളും ശീവേലികളും ഉത്സവബലിയും ഉള്‍പ്പെടെയുള്ള ആചാരാനുഷ്ടാനുങ്ങളും, ഉത്തമമായ കലാപരിപാടികളും ഉത്സവദിനങ്ങളിലുണ്ടാകും. പരിപൂര്‍ണ്ണയായ ദേവിയുടെ ഉത്സവകാലത്ത് പൂര്‍ണ്ണയായ ദേവി ഊരുവലം എഴുന്നുള്ളുന്നു. ദേവി തങ്ങളുടെ വാസസ്ഥലത്തെത്തുമ്പോള്‍ നിറപറയും നിലവിളക്കുവച്ച് ഭക്തര്‍ സ്വീകരിക്കുന്നു. വിശിഷ്ടവും യോഗ്യവുമായ സ്ഥലങ്ങളില്‍ ഇറക്കിപൂജയും പതിവുണ്ട്.
                       മീനം പത്തിനാണ് തിരുവാറാട്ട്. ഉത്സവദിനങ്ങളിലെ സല്‍പ്പെരുമയില്‍ ആലസ്യമാണ്ട ദേവി ക്ഷേത്രത്തില്‍ നിന്ന് അല്പം പടിഞ്ഞാറ് മാറിയുള്ള പടിക്കല്‍ കുളത്തില്‍ നീരാട്ടു കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് എഴുന്നുള്ളുന്നു. നവചൈതന്യവതിയായി,സര്‍വ്വാഭരണ വിഭൂഷിതയായി ഗജരാജപ്പുറത്തെഴുന്നുള്ളുന്ന മൂത്തേടത്തുകാവിലമ്മയ്ക്ക് പ്രൌഢഗംഭീരമായ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കുന്നത്. ആറാട്ടുകഴിഞ്ഞ് താലപ്പൊലി മഹോത്സവം ആരംഭിക്കുന്നു.ദിവസങ്ങളോളം നീളുന്ന താലപ്പൊലികളുടെ വര്‍ണ്ണപ്പൊലിമയും മേളപ്പെരുമയും വര്‍ണ്ണനാതീതമാണ്.
                       മീനം 26 മുതല്‍ കരക്കാരുടെ താലപ്പൊലിയും എതിരേല്പ്പും ആരംഭിക്കും. പള്ളിപ്പുറത്തുശ്ശേരി, മൂത്തേടത്തുകാവ്, കണ്ണുകെട്ടുശ്ശേരി , ചെമ്മനത്തുകര എന്നീ കരകളില്‍ നിന്നാണ് എതിരേല്പ്പും താലപ്പൊലിയും എത്തുന്നത്. ക്ഷേത്രാങ്കണത്തില്‍ കൊടിമരത്തിനു മുന്നില്‍ , കേരളീയ വാസ്തുശില്പശൈലിയുടെ സര്‍വ്വമനോഹാരിതകളും ഇണക്കിച്ചേര്‍ത്ത് കവുങ്ങും കുരുത്തോലയും മാറ്റും {വസ്ത്രം} കൊണ്ടു തീര്‍ക്കുന്ന തേര് സായംസന്ധ്യയുടെ ചെങ്കതിരേറ്റ് പരിലസിക്കുമ്പോള്‍, കുലാംഗനമാര്‍ കുത്തുവിളക്കും അഞ്ഞാഴിയും ഇരുനാഴിയുമേന്തി ഗജവീരന്റെ അകമ്പടിയോടെ പൂത്താലങ്ങളുമായി ക്ഷേത്രനടയിലെത്തും.
                        വാദ്യവാദന വിദഗ്ദര്‍ പങ്കെടുക്കുന്ന മേളപ്പൊലിമയില്‍ പഞ്ചാരിയും പാണ്ടിയും മാത്രമല്ല, ലക്ഷമിതാളം , കുണ്ടനാച്ചി താളം തുടങ്ങിയ ഗ്രാമീണ താളങ്ങളും അക്ഷരസ്ഫുടതയോടെ ക്ഷേത്രാന്തരീക്ഷത്തിനു ജീവന്‍ പകരും. രാത്രിയില്‍ പൂത്താലങ്ങളില്‍ ഭദ്രദീപവുമേന്തി എതിരേല്പുമുണ്ട്.
                             
                      വിഷുവിനു തലേ ദിവസം രാവേറെച്ചെല്ലുമ്പോള്‍ അലങ്കരിച്ച തൂക്കച്ചാടില്‍ കയറി , വാദ്യഘോഷങ്ങള്‍ക്കൊപ്പം, ചടുലമായ ചുവടുക്ളഅ‍ വച്ച് പയറ്റിക്കറങ്ങുന്ന ഗരുഡന്‍ തൂക്കങ്ങള്‍ ക്ഷേത്ര മൈതാനിയില്‍ പറന്നിറങ്ങും. ചാടിലും തട്ടിലും ഒറ്റച്ചാടിലും പയറ്റി വലംവച്ച് ചൂണ്ടകൊത്തി സ്വയം സമര്‍പ്പിക്കുന്ന ഗരുഡന്‍ തൂക്കങ്ങളുടെ ആചാരനുഷ്ടാനങ്ങരാവിന്റെ അന്ത്യയാമങ്ങള്‍ വരെ നീണ്ടുപോകും.
മേടവിഷുദിനം ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമാണ്. സ്വര്‍ണ്ണനിറമാര്‍ന്ന കൊന്നപ്പൂങ്കുലകള്‍ക്കൊപ്പം അഷ്ടദ്രവ്യങ്ങളും നവധാന്യങ്ങളും ദശപുഷ്പങ്ങളും വെള്ളരിക്കയും വെള്ളവസ്ത്രവും പഞ്ചലോഹങ്ങളും ഫലമൂലങ്ങളും നിറച്ച വെള്ളോട്ടുരുളിയില്‍ ഒരുക്കിയ വിഷുക്കണി കണ്ടുണരുന്ന പൂര്‍ണ്ണചൈതന്യ സുഭഗയായ മൂത്തേടത്തുകാവിലമ്മയെ ദര്‍ശിക്കുവാന്‍ ബഹുസഹസ്രം ജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. അനാദൃശങ്ങള്ളായ എരിതേങ്ങ , വലിയകുരുതി, അരിയേറ് തുടങ്ങഇയ ആചാരാനുഷ്ടാനങ്ങളും വിഷുനാള്‍ രാത്രിയില്‍ നടക്കും.

No comments:

Post a Comment